ചിന്താമണി ചിക്കന് കഴിച്ചിട്ടുണ്ടോ?
ചിക്കന് വിഭവങ്ങള്‍ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സ്ഥിരം ചിക്കന്‍ കറിയും ചിക്കന്‍ ഫ്രൈയും കഴിച്ചു മടുത്തവര്‍ക്ക് പുതിയ രുചിയില്‍ പരീക്ഷിക്കാന്‍ പറ്റിയ മികച്ച ഒരു തമിഴ്‌നാടന്‍ വിഭവമാണ് ചിന്താമണി ചിക്കന്‍. അധികം മസാലകള്‍ ഒന്നും തന്നെ ഇല്ലാതെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറ്, ചപ്പാത്തി, പൊറോട്ട ഇവയുടെ കൂടെ കഴിക്കാം.
ചേരുവകള്‍
ചിക്കന്‍ - ഒരുകിലോഗ്രാം
വറ്റല്‍മുളക് - 20 എണ്ണം
ചെറിയ ഉള്ളി - 400 ഗ്രാം
തേങ്ങാക്കൊത്ത് - ഒരു മുറി തേങ്ങയുടേത്
നല്ലെണ്ണ - 4 ടേബിള്‍സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു കുടം.
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വറ്റല്‍മുളക് നീളത്തില്‍ കീറി ഉള്ളിലെ അരി മുഴുവന്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിക്കുക.(നല്ലെണ്ണയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്)
കടുക് പൊട്ടി തുടങ്ങുമ്പോള്‍ ചുവന്നുള്ളി, തേങ്ങാക്കൊത്ത്, വറ്റല്‍മുളക്, കറിവേപ്പില, ചിക്കന് ആവശ്യമുള്ള ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക.
ഉള്ളി മൊരിഞ്ഞു തുടങ്ങുമ്പോള്‍ വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.
വെളുത്തുള്ളിയുടെ പച്ചമണം മാറുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റുക.
ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് നിറം മാറുന്നതുവരെ വഴറ്റി അടച്ചു വച്ച് ചെറിയ തീയില്‍ 15 മിനിറ്റ് വേവിക്കുക (നാടന്‍ ചിക്കനാണു ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സമയം വേവിക്കണം)
ചിക്കനിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോള്‍ മുളകുപൊടി ചേര്‍ത്ത് വഴറ്റുക.
അല്‍പം കറിവേപ്പിലയും ചേര്‍ത്ത് ചെറിയ തീയില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വരട്ടിയെടുക്കുക.
ഏറെ രുചിയുള്ള ചിന്താമണി ചിക്കന്‍ തയാര്‍.